Our
STORY
പുസ്തകം സ്വന്തമായി വാങ്ങി വായിക്കുവാൻ പണമില്ലാതിരുന്ന കാലത്ത് പുതിയ പുസ്തകങ്ങൾ വായിക്കുവാൻ വേണ്ടി ഞാൻ കണ്ടെത്തിയ മാർഗമാണ് പുസ്തക വിൽപനക്കാരനാവുക എന്നത്. വീടുകളിലും ഓഫീസുകളിലും ഉത്സവപ്പറമ്പുകളിലും കടത്തിണ്ണകളിലും ബസുകളിലും പുസ്തകം വിറ്റ് നടന്നിരുന്ന ഒരു ചെറുപ്പക്കാരനെ (എന്നെ)വയനാട്, കോഴിക്കോട് ജില്ലകളിലെ പലർക്കും ചിലപ്പോൾ ഓർമയുണ്ടാവും.1999 ജൂലൈ മാസത്തിൽ ഇംഗ്ലീഷ്, മലയാളം ഉപപാഠ പുസ്തകങ്ങളുടെ ചെറിയ ഗൈഡുകൾ ( ഷുവർ പാസ് എന്ന് ഓമനപ്പേര്) സ്കൂളുകൾ തോറും കയറിയിറങ്ങി വിൽപ്പന തുടങ്ങി ഞാൻ. അതിന് മുമ്പ് ഏപ്രിൽ മുതൽ തന്നെ ഇതിന്റെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. അതിന്റെ സീസൺ കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് ആലോചിച്ച് ഡിക്ഷണറി മുതലായ പഠന സഹായികൾ തവണ വ്യവസ്ഥയിൽ കൊടുക്കാൻ ആരംഭിച്ചു. സാഹിത്യ സംബന്ധിയായ പുസ്തകങ്ങൾ വിൽക്കുക എന്നത് ആ സമയത്ത് എന്റെ ചിന്തയിലേ വന്നില്ല. കാരണം അന്നത്തെ ഞാൻ അറിയുന്ന വയനാട്ടുകാർ വായനാശീലം വളരെ കുറഞ്ഞവരായിരുന്നു. നാട്ടിൻപുറത്തെ ലൈബ്രറിയിൽ മെമ്പർഷിപ്പ് ഉണ്ടായിരുന്നു. എന്റെ വായന ചെറിയ തോതിൽ അങ്ങനെ നടക്കുന്നുണ്ടായിരുന്നു. പിന്നീട് അതേ ലൈബ്രറിയിൽ ലൈബ്രേറിയനും സെക്രട്ടറിയുമൊക്കെയായി മാറി. വായനയുടെ തരം മാറി. വായന സീരിയസ് ആയി കാണാൻ തുടങ്ങി. അപ്പോൾ ലൈബ്രറിയിലെ പുസ്തകങ്ങൾ മതിയാകാതെ ആയി. കിട്ടുന്ന കാശിനൊക്കെ പുസ്തകങ്ങൾ വാങ്ങി വായിക്കാൻ തുടങ്ങി. ചെലവ് ചുരുക്കി മടുത്തപ്പോൾ ആലോചിച്ച് കിട്ടിയ വഴിയാണ് പുസ്തകങ്ങൾ വായിച്ച ശേഷം വിൽക്കുക. വളരെ ശ്രദ്ധയോടെ ഒരു ചുളിവ് പോലും വീഴാതെ ചെളിയാവാതെ ഞാൻ വായിച്ച പുത്തൻ പുസ്തകങ്ങൾ ചെറിയ ഡിസ്കൗണ്ടോടെ ആവശ്യക്കാർക്ക് വിൽക്കാൻ തുടങ്ങി. അത് പിന്നീട് 2001 ൽ പുതിയ പുസ്തകങ്ങളുടെ വിപണനത്തിൽ എന്നെ കൊണ്ടെത്തിച്ചു.വായനക്കാർ വയനാട്ടിൽ കുറവായത് കൊണ്ട് തന്നെ വയനാട്ടിലെ എല്ലാ പ്രദേശങ്ങളിലും ഞാൻ ബസ് കയറിയും നടന്നും ഒരു ബാഗിൽ പുസ്തകങ്ങൾ ചുമന്നെത്തി . വലിയ ഒരു നീല ബാഗായിരുന്നു കുറേക്കാലം. ഒരിക്കൽ ഒരു ഇഞ്ചിക്കടയിൽ ഞാൻ ആ ബാഗ് തൂക്കി നോക്കി. മുപ്പത് കിലോ. രണ്ടായിരത്തി രണ്ടിൽ കുറഞ്ഞ സ്റ്റോക്കോടെ ഒരു ചെറിയ ബുക്ക് സ്റ്റോർ. നടന്ന് വില്പന തുടർന്നു കൊണ്ടേയിരുന്നു. 2005 ൽ സുൽത്താൻ ബത്തേരിയിൽ ഭേദപ്പെട്ട ഒരു ബുക്ക് ഷോപ്പ് തുടങ്ങി. ഫീൽഡ് സ്റ്റാഫിനെ നിയമിച്ച് എന്റെ നടന്ന് വില്പന അവരെ ഏല്പിച്ചു. വളർന്ന് ഒരു കാലത്ത് വയനാട്ടിലെ ഏറ്റവും വലിയ പുസ്തകശാലയായി മാറി പുസ്തകസദ്യ. 2012 ൽ ഇറക്കം തുടങ്ങി. ഷോപ്പ് നഷ്ടത്തിലായിത്തുടങ്ങി. പെട്ടെന്ന് തന്നെ വലിയ ഷോപ്പ് ഒഴിഞ്ഞ് ഒരു ബിൽഡിംഗിൽ രണ്ടാം നിലയിൽ ചെറിയ വാടകയ്ക്ക് ചെറിയ റൂം എടുത്ത് സ്റ്റോക്ക് മുഴുവൻ അങ്ങോട്ട് മാറ്റി. ആമസോണിൽ സെല്ലർ അക്കൗണ്ട് തുറന്ന് ഓൺലൈൻ വിൽപന ആരംഭിച്ചു. 2013 ൽ പുസ്തകസദ്യക്ക് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ആ വഴിയും പുസ്തക വിൽപ്പന നടത്തി. 2014 ൽ സ്വന്തം സൈറ്റ് വഴിയും പുസ്തകങ്ങൾ വിൽക്കാൻ ആരംഭിച്ചു. 2016 ആയപ്പോഴേക്കും ഓൺലൈനിൽ പുസ്തകങ്ങൾ വിൽക്കാൻ ഒരു ആത്മവിശ്വാസം വന്നു. ആമസോൺ അക്കൗണ്ട് ഒഴിവാക്കി. പിന്നീട് കൊറോണ കാലം വരെയും വലിയ തോതിൽ തന്നെ പുസ്തകങ്ങൾ വിതരണചെയ്യാൻ കഴിഞ്ഞു. അന്നും ഇന്നും ഏറ്റവും വിലക്കിഴിവ് കൊടുക്കുന്നത് പുസ്തകസദ്യ ആയതുകൊണ്ട് ഓരോ ദിവസവും പുതിയ പുതിയ വായനക്കാരെ കിട്ടിയിരുന്നു. പക്ഷേ കോവിഡ് കാലത്തെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വീണ്ടും പുസ്തകസദ്യ താഴേക്ക് വന്നു. ഇതിനിടയിൽ കൽപ്പറ്റ തുറന്ന ഷോപ്പ് നഷ്ടം വന്ന് പൂട്ടി. ഓൺലൈൻ വിൽപന കുത്തനെ ഇടിഞ്ഞു. കടം കയറി മുടിഞ്ഞു. പണം കിട്ടാനുള്ളവർ വീട്ടിൽ കയറിയിറങ്ങി. കേസുകളായി. ആകപ്പാടെ കളറായി ജീവിതം. ഇതിനിടയിൽ ഹോട്ടൽ പണി ചെയ്തു , വെൽഡിംഗ് പണിക്ക് പോയി, അധ്യാപകനായി. എന്നിട്ടും പുസ്തകസദ്യയെ ഞാൻ കൈവിട്ടില്ല. പുസ്തകസദ്യ പൂട്ടാൻ നിർബന്ധിച്ചവരോടൊക്കെ അതൊഴികെ എന്തിനും ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു. പുസ്തകങ്ങൾ ഒഴിവാക്കി എനിക്ക് ഒരു ജീവിതമില്ല. എന്നെ ഞാനാക്കിയത് പുസ്തകങ്ങൾ ആണ്. എന്തായാലും വീണ്ടും പുസ്തകസദ്യ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. എല്ലാവരും കഴിഞ്ഞതൊക്കെ മറന്ന് സഹകരിക്കുന്നു. അതിൽ സന്തോഷവും കൃതജ്ഞതയുമുണ്ട്.
ഇതൊക്കെ പറഞ്ഞത് വേറൊന്നിനുമല്ല. ഞാൻ പുസ്തകവില്പന തുടങ്ങിയിട്ട് ഇരുപത്തഞ്ച് വർഷം പൂർത്തിയാകുന്നു. തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഞാൻ എങ്ങനെയൊക്കെ പിടിച്ചു നിന്നു എന്ന് എനിക്ക് തന്നെ ഓർമയില്ല. അഭിമാനം കൊള്ളുന്നു എന്റെ ഈ നേട്ടത്തിൽ.* 'പുസ്തക വിതരണത്തിന്റെ ഇരുപത്തഞ്ചാണ്ട്' * എന്ന പേരിൽ ഇത് എനിക്ക് ഒന്ന് ആഘോഷിച്ചാൽ കൊള്ളാമെന്നുണ്ട്. മികച്ച ഒരു പിടി ഓഫറുകൾ, മത്സരങ്ങൾ, സമ്മാനങ്ങൾ എന്നിവ നിങ്ങളെ കാത്തിരിക്കുന്നു . പദ്ധതികൾ എല്ലാം തന്നെ വരും ദിവസങ്ങളിൽ നമ്മുടെ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ നിങ്ങൾക്ക് അറിയാൻ കഴിയും.പുസ്തകസദ്യയെ പരമാവധി പേരിലേക്ക് എത്തിക്കാൻ പ്രിയപ്പെട്ടവരുടെ സഹകരണം ഞാൻ തേടുകയാണ്. വായനക്കാർക്ക് മികച്ച വിലക്കിഴിവ് കൊടുത്തുകൊണ്ട് ഇനിയും ഒരു ഇരുപത്തഞ്ചു വർഷം പുസ്തക വില്പന നടത്താൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതോടൊപ്പം ഒരു നല്ല വത്സരം ആശംസിക്കുന്നു. .അന്നു മുതലേ എനിക്ക് കിട്ടുന്ന കമ്മീഷനിൽ നിന്നും പരമാവധി കുറച്ചാണ് ഞാൻ പുസ്തകങ്ങൾ വിറ്റിട്ടുള്ളത്.എന്നിട്ടും സർവ ശക്തൻ എന്നെ ഒരു ബുക്ക് ഷോപ്പിനുടമയാക്കി.പൂർണയിലെ മാരാർ സാർ , ഡി സി രവി സാർ , മുനീർ ഒലിവ് , ലിപി അക്ബർക്ക , പ്രതാപൻ സർ ഹരിതം തുടങ്ങിയ പ്രസാധന രംഗത്തെ എല്ലാവരും പല രീതിയിൽ ഈ രംഗത്ത് എന്നെ വളർത്തിക്കൊണ്ടു വരാൻ സഹായിച്ചു.പല പ്രതിസന്ധി ഘട്ടങ്ങൾ വന്നപ്പോഴും ഒന്നര വർഷത്തോളം ഷോപ്പ് അടച്ചിടേണ്ടി വന്നപ്പോഴും എനിക്ക് താങ്ങായത് പ്രിയ വായനക്കാരാണ്. അമിത ലാഭം എടുക്കാതെ ചെയ്യുന്ന കച്ചവടമായതു കൊണ്ട് തന്നെ ഒരു ഷോപ്പിനപ്പുറത്തേക്ക് പുസ്തക സദ്യ വളർന്നില്ല.വളരുകയുമില്ല.കാരണം ഇപ്പോഴും ഞങ്ങൾ ചിന്തിക്കുന്നത് എങ്ങനെ ഏറ്റവും വില കുറച്ച് പുസ്തകം വായനക്കാരന് നൽകാമെന്നാണ്.കാരണം വായനക്കാരിൽ ഞാൻ കാണുന്നത് പണമില്ലാത്ത ആ പഴയ എന്നെയാണ്. വില കുറച്ച് നൽകി പരമാവധി ബിസിനസ് കൂട്ടിയാണ് ഞങ്ങൾ പിടിച്ചു നിൽക്കുന്നത്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള എല്ലാ ഇംഗ്ലീഷ് മലയാളം പുസ്തകങ്ങളുടെയും വിതരണക്കാരാണ് പുസ്തകസദ്യ. ഇരുപത്തഞ്ച് വർഷമായി പുസ്തക വിതരണ രംഗത്ത് പ്രവർത്തിക്കുന്ന പുസ്തകസദ്യ ഡി സി ബുക്സ്, കറന്റ് ബുക്സ്, പൂർണ , ഒലിവ് , ഗ്രീൻ ബുക്സ്, ലിപി , കൈരളി തുടങ്ങിയ പ്രമുഖരും അല്ലാത്തവരുമായ നൂറിൽ കൂടുതൽ മലയാളം പ്രസാധകരുടെ പുസ്തകങ്ങൾ മികച്ച വിലക്കിഴിവിൽ വിതരണം ചെയ്യുന്നതിൽ പുസ്തക സദ്യ മറ്റു വിതരണക്കാരോട് മത്സരിക്കുന്നു.മലയാള പുസ്തകങ്ങൾ പുസ്തകസദ്യ നൽകുന്നതിലും കുറഞ്ഞ വിലയിൽ മറ്റുള്ളവർക്ക് തരാൻ സാധിക്കാറില്ല.സംതൃപ്തരായ ആയിരക്കണക്കിന് വായനക്കാർ ഞങ്ങളെ സഹായിക്കുന്നതുപോലെ ഈ പ്രസ്ഥാനം പ്രചരിപ്പിക്കുവാനും നിലനിർത്തുവാനും നിങ്ങളുടെ സഹകരണം എല്ലാക്കാലത്തും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.